Saturday, October 18, 2008

പാക്കരന്റെ "കോയി"

"ഫക്രുദീന്‍ അലി അഹമദ്" ആ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് .
ഞാന്‍ ഇന്ത്യന്‍ സ്വതന്ത്രിയ ചരിത്രത്തിന്റെ ഒരു ചൂടേറിയ അദ്ധ്യായം എഴുതാന്‍ പോകുകയാണെന്ന് തെറ്റിധരിച്ചു പോകരുത്. തന്റെ മാനേജര്‍ക്ക്(കണക്കപ്പിള്ള) എന്റെ യദാര്‍ത്ഥ പേര് പോരെന്നു തോന്നിയത് കൊണ്ടോ, നിലവിലുള്ള പേരിനു അത്ര "പത്രാസ്" പോരെന്നു കണ്ടത് കൊണ്ടോ ഒരു പഴയ മുതലാളി മൂരാച്ചി എന്നെ വിളിച്ചിരുന്ന പേരാ മുകളില്‍ കുറിച്ച ആ മഹാന്റെ നാമം. പട്ടണക്കാട് ഒരു അരി മില്ലില്‍ കണക്കപ്പിള്ളയായി എത്തിയ എന്റെ "തവിട് " കയറി അടഞ്ഞു പോയ ഒരു വ്യാഴ വട്ടക്കാലത്ത്തെ "പോടീ അരി(ബ്രോകെന്‍ റൈസ്)" ആയി മാറിപ്പോയ കുറെ നാളുകള്‍, അവിടെ കണ്ട കുറെ ജീവിതങ്ങള്‍, നെല്ല് കളത്തില്‍ മൊട്ടിട്ടു പൂക്കുകയും കായ്കുകയും ചെയ്ത കുറെ പ്രേമങ്ങള്‍ , അവരുടെ ഇടയില്‍ ഒരു "കിംഗ് മേകര്‍" ആയി വിലസിയ "ഫക്രുദീന്‍" എന്ന "മൂക്കില്ല രാജ്യത്തെ മുറി മൂക്കന്‍ രാജാവിന്റെ " രസകരമായ കുറെ അനുഭവങ്ങള്‍ വായിക്കുന്ന നിങ്ങള്‍ക്ക് മടുപ്പ് തോന്നുമെന്കിലും, എഴുതുന്ന എനിക്ക് ആ മുതലാളിയെ ഓര്‍ക്കാന്‍ ഇതല്ലാതെ മറ്റു വഴികളില്ല തന്നെ.

തളിയംപരംബിലെ മത്തി മാര്‍കെറ്റില്‍ അട്ടിയിട്ടിരുന്ന ചാള മത്തി, നെയ്മീന്‍, ചെമ്മീന്‍ തുടങ്ങിയ മല്‍സ്യങ്ങളുടെ വലിയ പ്ലാസ്റ്റിക് ബോക്സില്‍ നിന്നും ഒലിച്ചിറങ്ങുന്ന വൃത്തികെട്ട ചളിവെള്ളത്തില്‍ നിന്നും, നടന്നും ഇരുന്നും കൊണ്ട് മത്തി കൊട്ടകളുടെ കണക്കു എഴുതി കൊണ്ടിരുന്ന എന്നെ കൈ പിടിച്ച് ഉയര്താനെന്നോണം ഒരു ദൈവ ദൂതനെ പോലെ എന്റെ മുന്നില്‍ എത്തിയ 'ഹുസൈന്‍' എന്ന ചെറുപ്പക്കാരന്റെ മോഹന വാഗ്ദാനങ്ങളില്‍ ഹരം കയറിയ ഞാന്‍ മീന്‍ നാറുന്ന 'കണക്കു പുത്തകം' വലിച്ചെറിഞ്ഞു പോടാ പന്നി എന്ന് മനസ്സില്‍ ശപിച്ചു കൊണ്ട് ,നല്ല ഒന്നാന്തരം പാന്റും, ഇസ്തിരി ഇട്ടു മടക്കി ലെവല്‍ ആക്കിയ മഞ്ഞ വരയന്‍ ഷര്‍ട്ടും, ഏതോ ബന്ധു ദുബായില്‍ നിന്ന് വന്നപ്പോള്‍ എനിക്ക് സമ്മാനിച്ച സൈഡ് പൊട്ടിയ ഷൂസും ഒക്കെ ഇട്ടു പട്ടണക്കാട് എത്തിയപ്പോള്‍ ജില്ലയില്‍ പുതുതായി എത്തിയ ജില്ല കലക്ടറുടെ " പത്രാസും വടായിയും" ആയിരുന്നു മനസ്സില്‍.

ഇന്‍കം ടാക്സിന്റെയും സെയില്‍ ടാക്സിന്റെയും കണക്കുകള്‍ എഴുതി സൂക്ഷിക്കുക, മാസാമാസം ടാക്സ് രിടനുകള്‍ ബന്ധപെട്ട ഓഫീസിലെത്ത്തിച്ചു നികുതി അടക്കുക,മില്ലിലെ തൊഴിലാളികളുടെ ശമ്പള വിതരണവും നിയന്ത്രണവും,ദൂര സ്ഥലങ്ങളില്‍ പോയി "പ്രോടക്ഷന് "വേണ്ട നെല്ലിനു ഓര്‍ഡര്‍ ചെയ്തു സാധനം എത്തിക്കുക ,ബാന്ക് ഇടപാടുകള്‍ കൃത്യമായും വിസ്വസനിയമായും നിര്‍വഹിക്കുക, തുടങ്ങിയ ഭാരിച്ച ജോലികളാണ് തന്റെതെന്നും അതിനു തക്ക ശമ്പളം കിട്ടുമെന്നും ഹുസൈന്‍ പറഞ്ഞപ്പോള്‍ ഏവരെസ്റ്റ് കൊടുമുടിയുടെ പകുതി ഭാഗം അത്രയും ഞാന്‍ മേല്പോട്ട് ഉയര്‍ന്നു കഴിഞ്ഞിരുന്നു. താനിരിക്കാന്‍ പോകുന്ന കസേര എന്റെ വീടിലെ ഒരു കാല്‍ പൊട്ടിയ 'മുക്കാലി'സ്റൂല്‍ പോലെ അല്ലെന്നും മന്ത്രി കസേരയോളം തന്നെ അതിനു അധികാര പരിധികള്‍ ഉണ്ടെന്നും ഉള്ള ബോധം ഒരു 'ഇലക്ട്രിക്‌ ഷോക്ക് 'ആയി എന്നെ ഒന്ന് പിടിച്ചു കുടഞ്ഞു. അതിനുമപ്പുറം, കണക്കില്‍ കൂട്ടാനും കുറയ്ക്കാനും അല്ലാതെ ഹരണവും, ഗുണനവും സ്കൂളില്‍ ശംഖു മാഷിന്റെ നാവു കടിച്ചു പിടിച്ച "നുള്ളല്‍" പേടിച്ച് കഷ്ടിച്ച് ഒപ്പിച്ചു എന്നല്ലാതെ,ഹൈ സ്കൂളില്‍ സ്നേഹത്തോടെ നിഷ ടീച്ചര്‍ പറഞ്ഞു തന്ന ഹരണവും ശതമാന കണക്കും പത്താം ക്ലാസ് പാസ് ആക്കി എന്നല്ലാതെ,പിന്നിടങ്ങോട്ട് ഈ "ഹരിത-ഗണിത- ലോങരിത" ലോബികലുമായി ടോള്‍ ഫ്രീ നമ്പറില്‍ പോലും വിളിച്ച ബന്ധം ഇല്ലായിരുന്നു എനിക്ക്.

"താനി പറയുന്ന രീതിയിലുള്ള കണക്കുകള്‍ ഒക്കെ അത്ര നിസ്സാരമായി എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല ഹുസൈന്‍" പാരവേശം നിറഞ്ഞ മുഖത്തോടെ ഞാന്‍ അവനെ നോക്കി.

"ദെ നോക്ക്, പ്ര-ഡിഗ്രി വരെ മാത്രം ഞെക്കി ഞെരുങ്ങി പഠിച്ച ഞാന്‍ നാട്ടിലെ ഉണക്കകടയിലെ പൂപ്പല്‍ പിടിച്ച "എള്ളുണ്ട " വാങ്ങാന്‍ വീടിനടുത്തുള്ള ഒറ്റക്കൊമ്പന്‍ കശുമാവിന്‍ നിന്നും എറിഞ്ഞു വീഴ്ത്തിയ കശുവണ്ടികള്‍ എന്നി എടുത്ത കണക്കല്ലാതെ വേറെ ഒരു ചുക്കും എനിക്ക് കണക്കിനെ കുറിച്ച് അറിയില്ലായിരുന്നു. എന്നിട്ടല്ലേ നീ. പേടിക്കേണ്ട ,ഒക്കെ ശരിയാവും ഞാന്‍ ഇല്ലെ കുറച്ചു ദിവസം കൂടി ഇവിടെ? വിസ കയ്യില്‍ കിട്ടും ആ നിമിഷം ഈ ഒടുക്കത്തെ തവിട് പൊടിയില്‍ നിന്നും ഞാന്‍ പുറത്തേക്ക് പോകും" ഇതൊക്കെ വേഗം നിസ്സാരം എന്ന മട്ടിലായിരുന്നു അവന്റെ സംസാരം. കുറച്ചു അപ്പുറത്ത് കാലത്തിന്റെ കാലത്തിന്റെ 'വശത്ത് വശത്ത് തൊഴിലാളികള്‍ നിന്ന്" ഒരു ചെറുപ്പക്കാരന്‍ കിടുമെന്നരിഞ്ഞതോടെ രാജസ്ഥാന്‍ മാര്‍ബിള്‍ കടക്കാരന്റെ പരസ്യത്തിലെ 'തടിയനെ' പോലെ ഒന്ന് കൂടി ഞാന്‍ ചീര്‍ത്തു.


ഹാജിക്കയെ കണ്ടു സംസാരിച്ചു ജോലിയില്‍ കയറാനുള്ള അറിയിപ്പ് കിട്ടി.

"എങ്ങിനെ ആടോ ഹുസൈനെ ,കൊള്ളാമോ ഇവന്‍? വിശ്വസിക്കാമോ"

"നൂറു ശതമാനം വിശ്വസിക്കാം ഹജിക്ക, പ്രശ്നക്കാരന്‍ അല്ല. പിന്നെ കുറച്ചു പഠിക്കുകയും ചെയ്തതാ" ഹുസൈന്‍ വക ഒരു എക്സ്ട്രാ സര്‍ട്ടിഫിക്കറ്റ് കൂടി കൊടുത്തു.

"ആ........... എന്നാല്‍ ഇന്ന് തന്നെ നീ ആ കണക്കിന്റെ രീതികള്‍ ഒക്കെ പറഞ്ഞു കൊടുക്കാന്‍ തുടങ്ങിക്കോ" സര്‍ക്കാരിന്റെ കണ്ണ് കുത്തി പൊട്ടിച്ചു ഇരുട്ട് കയറ്റി അതിന്റെ മറവില്‍ കളവു മാത്രം എഴുതി വയ്ക്കാനുള്ള പരിശീലനം കൊടുക്കണമെന്ന ആ ഇബിലീസ് അന്ന് പറഞ്ഞതെന്ന് മാസങ്ങല്ക് ശേഷമാണു എനിക്ക് മനസ്സിലായത്.

ഹുസൈന്റെ കൂടെ മില്ലിലേക്കു......................

വലിയ മതില്‍ കേട്ടിനകത്ത് ഏക്കര്‍ കണക്കിന് നീണ്ടു കിടക്കുന്ന തെങ്ങിന്‍ തോപ്പിന്റെ ഒരു ഭാഗം മുഴുവന്‍ നിണ്ട് കിടക്കുന്ന വലിയ കെട്ടിടങ്ങള്‍ ,അതിന്റെ മറ്റേ അറ്റത്ത്‌ വലിയ ശബ്ധത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മില്ലും , മാനേജരുടെ ഓഫീസും. മൊത്തം സെറ്റ് അപ് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
കളത്തിന്റെ ഒരു വശത്ത് പണി എടുത്തു കൊണ്ടിരിക്കുന്ന തടിച്ചുരുണ്ട പെണ്‍കുട്ടിയെ നോക്കി ഒരു ചെറുപ്പക്കാരന്‍ നീട്ടി വിളിച്ചു, "കോയി" എന്താ ഇവന്‍ ഈ കോഴിയെ വിളിക്കുനത്? ഞാന്‍ അങ്ങോട്ട് ശ്രദ്ധിച്ചു,"നീ പോടാ പാക്കരാ" അവള്‍ കൊണ്ചി കൊണ്ടു അവനോടു പറഞ്ഞു.അപ്പോഴാണ് മനസ്സിലായത് ഈ 'കോയി'എന്നത് കോഴി ഉഷയെ ,ഭാസ്കരന്‍ (പാക്കരന്‍) പ്രേമത്തോടെ വിളിക്കുന്ന പേരാണു എന്ന്. അവര്‍ ഒടുക്കത്തെ പ്രേമതിലാനത്രേ!അവര്‍ പ്രേമിച്ചോട്ടെ,എനിക്കെന്തു കാര്യം? "നീ അതൊന്നും ശ്രദ്ധിക്കാന്‍ പോകണ്ട, നീ അവരെ സഹായിച്ചാല്‍ , നിന്നെ പണിക്കാരും സഹായിക്കും." ഹുസൈന്‍ തന്റെ അനുഭവം പന്കുവച്ചു."ഞാന്‍ സഹായിക്കണോ" എങ്ങിനെ?" അത്‌, ഹാജിക്ക ഇല്ലെന്കില്‍ അവരുടെ ഇഷ്ടത്തിന് പണി എടുത്തോട്ടെ,ഒന്നും പറയാന്‍ പോകണ്ട." "ഹമ്പട വംബാ' അപ്പൊ ഇതാണല്ലേ നിന്റെ മുതലാളി സ്നേഹം?ഹാജിക്കയെ കണ്ടാല്‍ അവിടെ വിധേയന്‍, ഇവിടെ എത്തിയാല്‍ തൊഴിലാളികളുടെ തോഴന്‍" ഇവന്റെ ഈ ബുദ്ധിയെ കുറിച്ചോര്‍ത്തു നിക്കവേ ഹുസൈന്‍ സാരോപദേശം തുടങ്ങി.ഇവിടെ പ്രേമിക്കാനും കുറച്ചു നേരം ഇരുന്നു സല്ലപിക്കാനും ഒന്നും ഈ മൊട്ടത്തലയന്‍ ഹാജിയാര്‍ വിടില്ല, എപ്പോഴും പിറു പിരുതോണ്ടിരിക്കും..... ഞാന്‍ അതൊന്നും അത്ര കര്‍ഷനമാക്കാറില്ല. നീയും അങ്ങിനെ ചെയ്താല്‍ മതി. അവന്മാര്‍ എന്ത് വെന്മേന്കിലും നീ പറഞ്ഞാല്‍ കേള്‍ക്കയും ചെയ്യും."ആയ്കോട്ടെ, ഞാന് താങ്കളുടെ വഴിയേ തന്നെ ആയിരിക്കുംപുതിയ പരിഷ്ക്കാരങ്ങള്‍ വരുത്തി എന്തിന് ഈ നല്ലവരായ തോഴിലല്‍കളുടെ ശാപം ഏറ്റു വാങ്ങണം. നാളുകള്‍ക്കു ശേഷം പ്രേമിച്ച പാക്കരനും കൊയിയും വിവാഹിതരായി. ആ കല്യാണത്തിന് സജീവമായി പന്കെടുക്കുവാനും അവരുടെ നല്ല കൂടുകരനായി തീരാനും കഴിഞ്ഞതില്‍ സന്തോഷം തോന്നി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹാജിക്കയുടെ ഇഷ്ടപെട്ട മാനേജര്‍ ആകാന്‍ കഴിഞ്ഞെകിലും തെറി അഭിഷേകം കെട്ട് മടുപ്പ് തോന്നിയ ഞാന്‍ നിസ്സാര കാര്യത്തിനു വേണ്ടി അവിടം വിട്ടപ്പോഴും പാക്കരനും കൊയിയും അവിടം ചിക്കി ചികയുന്നുണ്ടായിരുന്നു..............

4 comments:

smitha adharsh said...

ദെ നോക്ക്, പ്ര-ഡിഗ്രി വരെ മാത്രം ഞെക്കി ഞെരുങ്ങി പഠിച്ച ഞാന്‍ നാട്ടിലെ ഉണക്കകടയിലെ പൂപ്പല്‍ പിടിച്ച "എള്ളുണ്ട " വാങ്ങാന്‍ വീടിനടുത്തുള്ള ഒറ്റക്കൊമ്പന്‍ കശുമാവിന്‍ നിന്നും എറിഞ്ഞു വീഴ്ത്തിയ കശുവണ്ടികള്‍ എന്നി എടുത്ത കണക്കല്ലാതെ വേറെ ഒരു ചുക്കും എനിക്ക് കണക്കിനെ കുറിച്ച് അറിയില്ലായിരുന്നു. എന്നിട്ടല്ലേ നീ.

അത് കലക്കി..ഇഷ്ടപ്പെട്ടു..

Anil cheleri kumaran said...

അതു ശരി വേറെയും കണക്കപ്പിള്ളമാരുണ്ടല്ലേ!
പെട്ടെന്നു അവസാനിപ്പിച്ചു കളഞ്ഞല്ലോ. ജോലി പോലെതന്നെ.

ബഷീർ said...

:)ഇഷ്ടപ്പെട്ടു.

musthafa.op said...

പാക്കരന്‍ പാക്യമുള്ളവന്‍.
opm